ന്യൂയോർക്ക്: രതിചിത്ര നടിക്കു പണം നൽകിയ കേസിന്റെ വിചാരണയ്ക്കിടയിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ക്ഷുഭിതനായി കോടതിയിൽ നിന്നിറങ്ങിപ്പോയി. താൻ നിരപരാധിയാണെന്നു വാദിച്ച അദ്ദേഹം സ്റ്റോമി ഡാനിയേൽസിന്റെ വിസ്താരം നിർത്തിവയ്ക്കാൻ അഭ്യർഥിച്ചെങ്കിലും മൻഹാറ്റനിലെ ജഡ്ജി ഹ്വാൻ മെർച്ചൻ വിസമ്മതിച്ചു.
7 മണിക്കൂറിലേറെ നീണ്ട സാക്ഷി വിസ്താരത്തിൽ ടാഹോ തടാകത്തിലെ സെലിബ്രിറ്റി ഗോൾഫ് ഔട്ടിങ്ങിൽ നടന്ന കാര്യങ്ങൾ സ്റ്റോമി വിശദീകരിച്ചു. എന്നാൽ ട്രംപിന്റെ അഭിഭാഷകൻ നടിയെ നുണച്ചിയെന്നും കൊള്ളക്കാരിയെന്നും വിശേഷിപ്പിച്ചു. 2016 ൽ ട്രംപിന്റെ പഴ്സനേൽ സെക്രട്ടറിയായിരുന്ന മഡലീൻ വെസ്റ്റർഹൗട്ടും ഇന്നലെ സാക്ഷിയായി വിചാരണയ്ക്കെത്തി. നടി സ്റ്റോമി ഡാനിയേൽസുമായുണ്ടായിരുന്ന ബന്ധം പുറത്തുപറയാതിരിക്കാൻ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് 1,30,000 ഡോളർ നൽകിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ട്രംപ് നിഷേധിച്ചത്.
വരുന്ന നവംബർ 5ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാവുമെന്ന് കരുതുന്ന ട്രംപിനെ സംബന്ധിച്ചു നിർണായകമാണ് ഈ കേസിലെ വിധി. നടിക്കു പണം നൽകുന്നതിനു വേണ്ടി ട്രംപ് ഓർഗനൈസേഷന്റെ സാമ്പത്തിക ഇടപാടുകളിൽ കൃത്രിമം കാട്ടിയതിന് 34 വകുപ്പുകളിൽ കുറ്റം ചുമത്തിയിട്ടുണ്ട്.